
പാക്കിസ്ഥാന്‍ ഇന്ത്യയുടെ കൂച്ചുവിലങ്ങില്‍: ശങ്കു ടി ദാസ്
പഹൽഗാം കൂട്ടക്കൊലയ്ക്കു നല്‍കിയ തിരിച്ചടിയിലൂടെ ഇന്ത്യ യുദ്ധത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ മാറ്റിമറിച്ചുവെന്നും അതനുസരിച്ചു നീങ്ങാന്‍ പാക്കിസ്ഥാന്‍ ഇനിയങ്ങോട്ട് നിര്‍ബന്ധിതമാകുമെന്നും ബിജെപി നേതാവും സംവാദകനുമായ അഡ്വ. ശങ്കു ടി ദാസ്. ഓപ്പറേഷന്‍ സിന്ദൂര്‍ ഫലപ്രദമായതോടെ ഭാരതത്തില്‍നിന്നു നിര്‍മിച്ച യുദ്ധക്കോപ്പുകള്‍ക്കു വിപണിയേറിയെന്നും അതേസമയം, ചൈനീസ് ആയുധക്കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ക്യാംപസ്സില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് സെന്റര്‍ സംഘടിപ്പിച്ച അഭിമാന സിന്ദൂരം- ഓപ്പറേഷന്‍ സിന്ദൂര്‍ വിജയാഹ്ലാദ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഡ്വ. ശങ്കു ടി ദാസ്. സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ സി സി ഹവില്‍ദാര്‍ മണികണ്ഠന്‍ സംഗമം ഉദ്ഘാടനം ചെയ്തു.
തെമ്മാടിത്തരം കാട്ടുന്ന അയല്‍രാജ്യമായ പാക്കിസ്ഥാനോടു പക്വതയാര്‍ന്ന അയല്‍രാജ്യമെന്ന സമീപനമാണ് ഇന്ത്യ നേരത്തേ സ്വീകരിച്ചിരുന്നതെങ്കില്‍ ആ നയം മാറ്റിയെന്ന് അഡ്വ. ശങ്കു ടി ദാസ് വിശദീകരിച്ചു. തെമ്മാടിത്തരം കാണിക്കുക വഴി ആള്‍നാശമോ മറ്റു വിധത്തിലുള്ള ബുദ്ധിമുട്ടോ സൃഷ്ടിച്ചാല്‍ അടിക്കടി എന്ന നയം പിന്‍തുടരുന്നതിലേക്ക് ഇന്ത്യ മാറി എന്നതാണു സവിശേഷത. യുദ്ധതന്ത്രങ്ങള്‍ പുതുക്കുക കൂടി ചെയ്തതു പാക്കിസ്ഥാന് ഒട്ടും പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാക്കി.
പാക്കിസ്ഥാനിലെ പല പ്രദേശങ്ങൡലും ഇന്ത്യയുടെ ഡ്രോണുകള്‍ പക്ഷികളെപ്പോലെ പറന്നുനടക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. അത്തരം യുദ്ധതന്ത്രങ്ങളിലൂടെയാകട്ടെ, പഹല്‍ഗാമിലും മറ്റിടങ്ങളിലുമായി നിഷ്ഠൂരമായി ഏകപക്ഷീയമായ ആക്രമണങ്ങള്‍ നടത്തി നിസ്സഹായരും നിരായുധരുമായ ഇന്ത്യന്‍ പൗരന്‍മാരെ കുരുതികൊടുത്ത ഇസ്ലാമിക ഭീകരരെ മാത്രം ലക്ഷ്യമിട്ടു തിരിച്ചടിച്ചു. പ്രത്യാക്രമണത്തിലെ കൃത്യതയ്ക്കും വ്യക്തതയ്ക്കുമൊപ്പം നയതന്ത്ര തലത്തില്‍ കരുക്കങ്ങള്‍ നീക്കാനും ഇന്ത്യ തയ്യാറായി. പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം നാമമാത്രമായി വെട്ടിച്ചുരുക്കി. ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ പാക്കിസ്ഥാന്റെ തീവ്രവാദമുഖം തുറന്നുകാട്ടുന്നതില്‍ വിജയിക്കുകയും ചെയ്തു. അതിനാലാണ് സിന്ധു നദീജല കരാറില്‍നിന്നു പിന്‍വാങ്ങാനും മറ്റും ഇന്ത്യ തയ്യാറായപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഒരെതിര്‍പ്പും ഉയരാതിരുന്നത്.
ഏതു വന്‍ യുദ്ധത്തിലും നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ കൂടുതല്‍ മനുഷ്യരെ കൊലപ്പെടുത്തിയത് ഇപ്പോള്‍ യുദ്ധവിരുദ്ധ സന്ദേശവുമായി രംഗത്തുള്ളവരെ നയിക്കുന്ന പ്രത്യയശാസ്ത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരക്കാരുടെ യുദ്ധവിരുദ്ധ നിലപാട് കാപട്യമാണ്. കശ്മീരിയത്ത് പോലെ ഇന്ത്യയുടെ പല ഭാഗങ്ങളുടെ പ്രാദേശിക സവിശേഷതകളെ ദുരുദ്ദേശ്യപരമായി ആഘോഷിക്കുന്നതിനുപകരം ഇന്ത്യയെ ഒന്നായിക്കണ്ട് ഭാരതീയതയെ ആഘോഷിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ആ ദിശയിലുള്ള ഗുണപരമായ പരിവര്‍ത്തനമാണ് പുല്‍വാമ കൂട്ടക്കൊലയ്ക്കു ഭാരതസൈന്യം മറുപടി ചോദിക്കുമ്പോള്‍ രാജ്യത്തു പ്രകടമായത്. രാഷ്ട്രത്തിന്റെ സൈനികവിജയം ജനതയൊന്നാകെ ഇത്രത്തോളം ആഹ്ലാദപൂര്‍വം ആഘോഷിക്കുന്ന സാഹചര്യം ഇതിനു മുന്‍പ് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതു സംശയകരമാണ്. ഇന്ത്യയുടെ വിജയം മലയാളത്തിലേത് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷിച്ചതും അഭൂതപൂര്‍വമായ സംഭവമാണെന്നു ശങ്കു ടി ദാസ് കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷ ആശയങ്ങള്‍ ന്യൂനപക്ഷത്തിനു മേല്‍ അടിച്ചേല്‍പിക്കുന്നതു ശീലമാക്കിയവര്‍ മെജോറിറ്റേറിയനിസത്തെ ചോദ്യംചെയ്തു പ്രഭാഷണം സംഘടിപ്പിച്ചതു പല്ലിടകുത്തി ദുര്‍ഗന്ധം പരത്തലാണെന്ന് ഇഎംഎസ് ചെയര്‍ വിവാദ വിഷയത്തില്‍ പഭാഷണം നടത്താന്‍ നിശ്ചയിച്ചതിനെ പരാമര്‍ശിച്ചുകൊണ്ട് എ കെ അനുരാജ് അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു. തപാല്‍ വോട്ട് തുറന്നു തിരുത്തി എന്ന് അവകാശപ്പെട്ട് അടുത്തിടെ രംഗത്തെത്തിയ സിപിഐ(എം) നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍ എങ്ങനെ അസംഘടിത ന്യൂനപക്ഷത്തെ തെരഞ്ഞെടുപ്പുകളില്‍ അടിച്ചമര്‍ത്തുന്നു എന്നു തുറന്നുപറയുകയായിരുന്നു. ബൂത്ത് പിടിത്തവും കള്ളവോട്ടും കേരളത്തില്‍ വ്യാപകമായി നടത്തുന്നവര്‍ക്ക് മെജോറിറ്റേറിയനിസത്തെക്കുറിച്ചു വിലപിക്കാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ എതിരാളികളെപ്പോലും കൊലക്കത്തിരിയാക്കുകയും അത്തരം കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനയെന്നുവരെ വിളിച്ചുപറയുകയും ചെയ്യുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ നടത്തുന്ന പ്രതികരണം ആത്മാര്‍ഥതയോടെ ഉള്ളതല്ല. സര്‍വകലാശാലാ ചെയറുകളുടെ പ്രവര്‍ത്തനം സീമകള്‍ ലംഘിക്കുന്നത് അവയ്ക്കു കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ. എന്തു പറയുന്നു എന്നതുപോലെ ആരു പറയുന്നു എന്നുകൂടി ശ്രദ്ധേക്കേണ്ട സ്ഥിതിയിലേക്കു സമൂഹം എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും അതിനു കാരണം വ്യാജചരിത്ര നിര്‍മിതി നടത്തി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇടതുപക്ഷവും മറ്റും പതിവാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്‍സിസി ഉദ്യോഗസ്ഥന്‍ അനസ്, സെനറ്റംഗങ്ങള്‍, സനാതനധര്‍മപീഠം ഭാരവാഹികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടി എന്‍ ശ്രീശാന്ത് സ്വാഗതവും എംപ്ലോയീസ് സെന്റര്‍ പ്രസിഡന്റ് ജയപ്രകാശ് ടി കെ നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെയാണു സംഗമം അവസാനിച്ചത്.
