വിഘടന സെമിനാറിന് അനുമതി നിഷേധിച്ചതു സ്വാഗതാർഹം: എ കെ അനുരാജ്

വിഘടനവാദത്തിന് ആക്കം പകരുന്ന സെമിനാര്‍ നടത്തുന്നതില്‍നിന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ ഇഎംഎസ് ചെയറിനെ വിലക്കിയ വൈസ് ചാന്‍സലര്‍ പ്രഫ. (ഡോ.) പി രവീന്ദ്രന്റെ നടപടിയെ സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു. ഭാരതത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്ന കശ്മീര്‍ എന്ന സന്ദേശം ധ്വനിപ്പിക്കുന്ന കശ്മീരിയത്തും ഹൈപ്പര്‍ മെജോറിറ്റേറിയനിസവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്താനായിരുന്നു പദ്ധതി. ആക്റ്റിവിസ്റ്റായ ഡോ. സയ്യിദ സയ്യിദെയ്ന്‍ ഹമീദിനെ അതിഥിയായി പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. കശ്മിരിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുക, ഭരണഘടനയുടെ 370ാം വകുപ്പ് എന്നൊക്കെ രേഖപ്പെടുത്തിയ പ്രചരണ സാമഗ്രികളാണ് ചെയര്‍ പുറത്തിറക്കിയത്.
സര്‍വകലാശാലയിലെ എല്ലാ ചെയറുകളുടെയും ഗവേണിങ് ബോഡി ചെയര്‍മാനായ വൈസ് ചാന്‍സലര്‍ അറിയാതെ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതു ദുരൂഹവുമാണ്. 15നു മൂന്നു മണിക്ക് ചെയര്‍ ഹാളില്‍ പരിപാടി നടത്തുമെന്നു പോസ്റ്ററുകളും മറ്റു പരസ്യ ഉപാധികളും വഴി ക്യാംപസ്സിലും പരിസര പ്രദേശങ്ങളിലും പ്രചരണം നടത്തിയിരുന്നു.
തുടര്‍ച്ചയായി ഉണ്ടാകുന്ന പാക്കിസ്ഥാന്റെയും ഇസ്ലാമിക ഭീകരരുടെയും ആക്രമണങ്ങള്‍ നിമിത്തം രാഷ്ട്രശരീരത്തില്‍നിന്നു ചോരയിറ്റുവീണുകൊണ്ടിരിക്കുമ്പോഴാണ് വിഘടനവാദത്തിനു മറ പിടിക്കുന്ന സെമിനാറുമായി ഇഎംഎസ്സിന്റെ പേരിലുള്ള ചെയര്‍ രംഗത്തു വന്നത് എന്നതു ഞെട്ടിക്കുന്നതാണ്.
പാക്കിസ്ഥാന്‍ ഭാരതത്തിനു നേരെ ഭീകരാക്രമണം നടത്തി വിനോദസഞ്ചാരികളായി കശ്മീരിലെത്തിയ നിരപരാധികളായ ഭാരതപൗരന്‍മാരെ കൂട്ടക്കൊലയ്ക്കിരയാക്കിയതിനാല്‍ പ്രതിരോധിക്കുകയാണു ഭാരതം ചെയ്യുന്നത്. പാക്കിസ്ഥാന്‍ പ്രകോപനം തുടരുമ്പോഴും അതേ നിലയ്ക്കു തിരിച്ചടിക്കാനല്ല, മറിച്ച് ക്രൂരത കാട്ടുന്ന ഇസ്ലാമിക ഭീകരവാദികളെ കണ്ടെത്തി നേരിടുന്നതിനാണു ഭാരതം മുഖ്യമായും ശ്രമിക്കുന്നത്.
പാക് ഭീകരതയെ തടുക്കുന്നതില്‍ ഉറച്ച പിന്‍തുണയുമായി ഭാരതത്തിനൊപ്പമുണ്ടെന്ന് അന്താരാഷ്ട്ര സമൂഹമൊന്നാകെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രത്തിനകത്താകട്ടെ, പ്രതിപക്ഷ കക്ഷികളും അവര്‍ നയിക്കന്ന സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുകയാണ്. രാഷ്ട്രം ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *