“മാര്‍ക്‌സിയന്‍ പടപ്പാട്ടുകാര്‍ പാടിപ്പതിപ്പിച്ചതൊക്കെ പച്ചക്കള്ളങ്ങളാണെന്ന് തനിമലയാളത്തില്‍ വിളിച്ചു പറയുക എന്ന തന്റേടമാണ് മുരളി പാറപ്പുറം ഈ പുസ്തകത്തിലൂടെ നിര്‍വഹിച്ചത്. കൃത്യമായ അന്വേഷണവും ആഴത്തിലുള്ള വായനയും സൂക്ഷ്മമായ നിരീക്ഷണ പാടവവും കൊണ്ട് സമൃദ്ധമായതാണ് ഇതിലെ ഓരോ അധ്യായവും. മാര്‍ക്‌സിന് അനേകം മുഖങ്ങളുണ്ടായിരുന്നുവെന്ന് തലവാചകം കൊണ്ടുതന്നെ സൂചിപ്പിക്കുന്ന ഈ പുസ്തകം കേരളത്തിലെ മാര്‍ക്‌സിയന്‍ ചിന്തകരുടെയും ആരാധകരുടെയും അകം പൊള്ളിക്കും”
എം.സതീശൻ.
കാലങ്ങളോളം മലയാളിയെ വിഭ്രമിപ്പിച്ച ഒരു കെട്ടുകഥയാണ് മാര്‍ക്‌സും മാര്‍ക്‌സിസവും. അന്ധവിശ്വാസങ്ങളില്‍ വച്ച് അന്ധവിശ്വാസം. ദൈവനിരാസവും യുക്തിവാദവും അടിമുടി കുത്തിനിറച്ച അരാജകവാദികളുടെ പ്രിയപ്പെട്ട രാഷ്ട്രീയമുഖമായി കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൊടികുത്തിവാണ നാളുകളിന്ന് അതിന്റെ അന്ത്യദശയിലാണ്. മാര്‍ക്‌സിസം അജയ്യമാണ്, ശാസ്ത്രമാണ്, വസന്തമാണ്, ഇടിമുഴക്കമാണ് തുടങ്ങി എത്രയെത്ര വായ്ത്താരികളിലൂടെയാണ് ഈ അന്ധവിശ്വാസജടിലമായ ഈ കെട്ടുകഥ നമ്മുടെ തലമുറകളെ വഴിതെറ്റിച്ച് നടത്തിയത്.

മാര്‍ക്‌സ് അല്ലാതെ മറ്റൊരു ദൈവമില്ലെന്ന മട്ടിലായിരുന്നു പ്രചാരണം. ഈ പ്രചാരണത്തിന്റെ കുഴലൂത്തുകാരായി ബുദ്ധിജീവികള്‍ മുതല്‍ എഴുത്താളരും മാധ്യമവേലക്കാരും വരെ വരി നിന്നു. അടിത്തട്ടുജനങ്ങള്‍ മുതല്‍ ഫൈവ്സ്റ്റാര്‍ ബൂര്‍ഷ്വാസികള്‍ വരെ അടിമക്കുപ്പായമിട്ട് അങ്ങനെതന്നെ സിന്ദാബാദ് വിളിച്ച് അണിനിരന്നു. ഒരുവശത്ത് മതനിഷേധവും ദൈവനിഷേധവും പ്രസംഗിക്കുകയും തരാതരം പോലെ മതമേധാവികളുടെ അരമനകളിലും അടുക്കളകളിലും മാര്‍ക്‌സിസം പാകം ചെയ്ത് വിളമ്പുകയും ചെയ്തു. ഒപ്പം നിന്നവരെ പന പോലെ വളര്‍ത്തി. അല്ലാത്തവരെ വെട്ടിനിരത്തി. എതിര്‍ത്തവരെ ഊരുവിലക്കി.
നാടകമാടിയും കഥാപ്രസംഗം നടത്തിയും തെരുവുകളില്‍ ഓരിയിട്ടും പാട്ട് പാടിയും അവര്‍ മാര്‍ക്‌സ് എന്ന കെട്ടുകഥയെ അടിച്ചുറപ്പിച്ചു. ആസ്തിക്യത്തെ അവീനെന്ന് ചൊല്ലി പരിഹസിച്ചു. മതം വിശപ്പടക്കുമോ എന്ന് വെല്ലുവിളിച്ചു. കുടുംബം ഒരു അടിമത്ത വ്യവസ്ഥിതിയാണെന്ന് പ്രചരിപ്പിച്ചു. ശാസ്ത്രമെന്നത് ഈശ്വരനിഷേധമാണെന്നും ആരാധനാലയങ്ങളില്‍ പോകുന്നത് പഴഞ്ചനാണെന്നും അരാജകജീവിതമാണ് പുരോഗമനമെന്നും വാഴ്ത്തിപ്പാടി. പാര്‍ട്ടിക്ലാസുകള്‍ മുതല്‍ ബീഡിതെറുപ്പ് വരാന്തയിലെയും കുത്തകവായനശാലകളിലെയും പാര്‍ട്ടിപ്പത്ര വായനകള്‍ വരെയുള്ള കലാ, കലാപ പരിപാടികളിലൂടെ കാലങ്ങളായി അടിച്ചുറപ്പിച്ച കെട്ടുകഥകളെ ഒന്നാകെ പൊളിച്ചടുക്കുകയെന്ന കാലത്തിന്റെ ദൗത്യമാണ് 288 പുറങ്ങളിലായി അവതരിപ്പിക്കുന്ന മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ എന്ന പുസ്തകം.
മാര്‍ക്‌സിയന്‍ പടപ്പാട്ടുകാര്‍ പാടിപ്പതിപ്പിച്ചതൊക്കെ പച്ചക്കള്ളങ്ങളാണെന്ന് തനിമലയാളത്തില്‍ വിളിച്ചു പറയുക എന്ന തന്റേടമാണ് മുരളി പാറപ്പുറം ഈ പുസ്തകത്തിലൂടെ നിര്‍വഹിച്ചത്. കൃത്യമായ അന്വേഷണവും ആഴത്തിലുള്ള വായനയും സൂക്ഷ്മമായ നിരീക്ഷണ പാടവവും കൊണ്ട് സമൃദ്ധമായതാണ് ഇതിലെ ഓരോ അധ്യായവും. മാര്‍ക്‌സിന് അനേകം മുഖങ്ങളുണ്ടായിരുന്നുവെന്ന് തലവാചകം കൊണ്ടുതന്നെ സൂചിപ്പിക്കുന്ന ഈ പുസ്തകം കേരളത്തിലെ മാര്‍ക്‌സിയന്‍ ചിന്തകരുടെയും ആരാധകരുടെയും അകം പൊള്ളിക്കും.
മാര്‍ക്‌സിസവും മാര്‍ക്‌സും മയക്കുമരുന്നിന്റെ പ്രഭാവമാണ് മലയാളിയില്‍ ചെലുത്തിയതെന്ന ക്യത്യമായ ബോധ്യത്തില്‍ മലയാളിക്ക് അക്ഷരാര്‍ത്ഥത്തില്‍ ലഭിക്കുന്ന ലഹരിവിമുക്ത ചികിത്സയാണ് മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍.

ആമുഖത്തില്‍ത്തന്നെ നിലപാടുറപ്പിച്ചാണ് എഴുത്തുകാരന്‍ ഈ ചരിത്രദൗത്യത്തിന് തുടക്കം കുറിക്കുന്നത്. അതിങ്ങനെയാണ്, ” മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും ദൈവങ്ങളെയെല്ലാം വെറുക്കുന്നുവെന്നും പറഞ്ഞ മാര്‍ക്‌സ് ദൈവമായി മാറുകയും മാര്‍ക്‌സിസം കടുത്ത വിധിനിഷേധങ്ങളോടെയുള്ള മറ്റൊരു മതമായിത്തീരുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെയും മറ്റും ആവിര്‍ഭാവത്തോടെ മാര്‍ക്‌സിസം ശാസ്ത്രമാണെന്ന അബദ്ധം അംഗീകരിക്കാന്‍ അനുകൂലിക്കുന്നവരും ഒരളവോളം എതിര്‍ക്കുന്നവരും നിര്‍ബന്ധിതരായി. വാഗ്ദത്തഭൂമികളില്‍ത്തന്നെ സമ്പൂര്‍ണമായി പരാജയപ്പെട്ടിട്ടും വിചിത്രമെന്ന് പറയാവുന്ന രീതിയില്‍ മാര്‍ക്‌സ് ദൈവമായി തുടരുകയും പലതരം അവതാരങ്ങളുണ്ടാവുകയും ചെയ്തു. യുവ മാര്‍ക്‌സ്, കള്‍ച്ചറല്‍ മാര്‍ക്‌സ്, പരിസ്ഥിതി മാര്‍ക്‌സ് തുടങ്ങിയ ഈ അവതാരങ്ങള്‍ യൂറോപ്പില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു.
സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം മാര്‍ക്‌സിന്റെ ഭൂതങ്ങള്‍ ഇന്ത്യയിലുമെത്തി. മാര്‍ക്‌സിസത്തിന്റെ പരീക്ഷണങ്ങള്‍ ഭരണകൂട ഭീകരതയായി മാറുകയും സോവിയറ്റ് യൂണിയന്‍ അടക്കമുള്ള സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകള്‍ ഭൂമുഖത്തുനിന്ന് തിരോഭവിക്കുകയും ചെയ്തിട്ടും ശരാശരി മലയാളിക്ക് മാര്‍ക്‌സ് പ്രവാചകനും വിമോചകനുമായിത്തുടര്‍ന്നു. തങ്ങളുടെ ഈ ആരാധ്യവിഗ്രഹത്തെ യൂറോപ്പിലെ ജനത പരമാവധി പ്രതികാരദാഹത്തോടെ തിരസ്‌കരിച്ചപ്പോഴും മലയാളിക്ക് അതൊന്നും ബാധകമായില്ല. ദുര്‍വൃത്തനും പണക്കൊതിയനും ധൂര്‍ത്തനും തത്വദീക്ഷയില്ലാത്തവനും മാന്യതയില്ലാത്തവനും വിദ്വേഷിയുമൊക്കെയായ മാര്‍ക്‌സിന്റെ മുഖങ്ങള്‍ മലയാളി പരമാവധി കാണാതിരിക്കാന്‍ ശ്രമിച്ചു. വെളിപ്പെട്ടപ്പോഴൊക്കെ സ്വയം നിഷേധിച്ചു. വെളിപ്പെടുത്തിയവരെ ശകാരിച്ചു. ഈ സാഹചര്യത്തോടുള്ള കടുത്ത വിയോജിപ്പില്‍ നിന്നാണ് കാറല്‍ മാര്‍ക്‌സ് നിര്‍ദയം വിചാരണ ചെയ്യപ്പെടണമെന്ന ചിന്ത എന്നിലുണ്ടായത്.”
ഇത്രയും രൂക്ഷമായ ഭാഷയില്‍ മാര്‍ക്‌സും മാര്‍ക്‌സിസവും മലയാളത്തില്‍ ഇന്നേവരെ തുറന്നുകാട്ടപ്പെട്ടിട്ടില്ല. പ്രഹസനമാലയില്‍ സി.വി. രാമന്‍പിള്ള മോസ്‌കോയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുന്നവര്‍ എന്ന് ഇക്കൂട്ടരെ പരിഹസിച്ചിട്ടുണ്ട്. ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ ഭാവനയുടെ തൊങ്ങലുപിടിപ്പിച്ച് പറയുന്നതാണ് കാല്പനികമെങ്കില്‍ മാര്‍ക്‌സിനോളം വലിയ കാല്പനികന്‍ വേറെയില്ലെന്ന നിരീക്ഷണം ഉണ്ടായിട്ടുണ്ട്. മാര്‍ക്‌സിസം തലയ്ക്ക് പിടിക്കുന്ന ഒരു സൂക്കേടാണെന്ന് വി.ടി. ഭട്ടതിരിപ്പാട് പണ്ടേയ്ക്കുപണ്ടേ കളിയാക്കിയിട്ടുണ്ട്. ഈ സൂക്കേട് പിടിച്ച സഖാവുണ്ണിയോട് ഒരു സാധുകൃഷിക്കാരനെക്കൊണ്ട് വി.ടി. പറയിക്കുന്നതിങ്ങനെയാണ്,
”ഇവിടുന്ന് ആട്ടിയ എണ്ണ പതിവായി തേച്ച് നീരാട്ടുകുളി കഴിക്കുക. നെല്ലിക്കത്താളി തേച്ചാല്‍ കൂടുതല്‍ നന്ന്. എന്നിട്ട് നന്നായമറേത്ത് കഴിക്കുക. നല്ലവണ്ണം ഉറങ്ങുക. എന്നാല്‍ ഇവിടുത്തെ സൂക്കേട് മാറും. ഇവിടുത്തെ തല ഉഷ്ണിച്ചിരിക്കുന്നു. തെറ്റിദ്ധരിക്കരുതേ. അധ്വാനം കൂടാതെ അമറേത്ത് കഴിഞ്ഞിരിക്കുമ്പോള്‍ ഉണ്ടാവുന്ന ദീനമാണിത്. ഇടയുള്ളപ്പോള്‍ എന്തെങ്കിലും ജോലി ചെയ്യുക. എന്നാല്‍ എല്ലാം ശരിപ്പെടും….”

എന്നിട്ടും ശരിപ്പെടാത്ത മലയാളി അവശ്യം മുരളി പാറപ്പുറത്തെ വായിക്കുക തന്നെവേണം. ഒളിവും മറവുമില്ലാതെ, തികച്ചും ആധികാരികമായി മാര്‍ക്‌സിനെ അദ്ദേഹം തുറന്നുകാട്ടിയിട്ടുണ്ട്.
വംശീയ വിദ്വേഷി, പരിഹാസ്യനായ പ്രവാചകന്‍, ലെനിന്റെ മാപ്പ് സാക്ഷി, കശാപ്പുകാരന്‍, കറുത്ത വര്‍ഗക്കാരെ വെറുത്തവന്‍, ചുവന്ന ഹിറ്റ്‌ലര്‍, യുവമാര്‍ക്‌സ് എന്ന കള്ള നാണയം തുടങ്ങിയ വിശേഷണങ്ങളിലൂടെ സ്വയംപ്രഖ്യാപിത പ്രബുദ്ധ മലയാളിയുടെ കണ്‍കണ്ട ദൈവത്തെ പട്ടാപ്പകല്‍ പൊതുമധ്യത്തില്‍ ഉടുതുണിയുരിഞ്ഞ് അവതരിപ്പിക്കാനുള്ള ചങ്കൂറ്റം ഈ ആക്രാമികമായ സര്‍ഗവിന്യാസത്തിന്റെ സവിശേഷതയാണ്. ഈ വിശേഷണങ്ങളൊന്നും ഒരു മാര്‍ക്‌സിസ്റ്റ് വിരുദ്ധന്റെ ഭ്രമകല്പനങ്ങളല്ല, മറിച്ച് ഒരു ഗവേഷകന്റെ കണ്ടെത്തലും വെളിപ്പെടുത്തലുമാണ്.
അതിന് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കത്തുകള്‍ മുതല്‍ മാര്‍ക്‌സിനെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ വരെ നിരവധി രേഖകള്‍ ഈ പുസ്തകത്തില്‍ ഉദ്ധരണികളായി പെയ്യുന്നുണ്ട്. കാറല്‍ മാര്‍ക്‌സ് റേസിസ്റ്റ് എന്ന ഗ്രന്ഥമെഴുതിയ നതാനിയേല്‍ വെയ്ല്‍, സോഷ്യലിസ്റ്റ് ചിന്തകനായ പിയറി ജോസഫ് പ്രുദോണ്‍, ടെറി ഈഗിള്‍ടണ്‍ തുടങ്ങിയ ആഗോള പ്രശസ്തരായ ബുദ്ധിജീവികള്‍, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവുമടക്കമുള്ള ഗന്ഥങ്ങള്‍, പി. പരമേശ്വരനും എം.പി. പരമേശ്വരനും ഇഎംഎസുമടക്കമുള്ളവരെഴുതിയ പുസ്തകങ്ങള്‍, മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കത്തുകള്‍…..

മാര്‍ക്‌സ് പറഞ്ഞ മുത്തശ്ശിക്കഥകള്‍ ഇപ്പോഴും പാടി നടക്കുന്ന മലയാളിക്ക് തിരുത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് മുരളി പാറപ്പുറത്തിന്റെ ഗ്രന്ഥം.
മാര്‍ക്‌സിനെ പ്രവാചകപദവിയില്‍ പ്രതിഷ്ഠിക്കുന്ന പരിശ്രമങ്ങളെ മുന്‍കാല പ്രാബല്യത്തോടെ തുറന്നുകാട്ടുന്ന പുസ്തകം എന്ന് പ്രശസ്ത ഗ്രന്ഥകാരനായ ഡോ. ആര്‍. ഗോപിമണി അവതാരികയില്‍ കുറിച്ചതില്‍നിന്ന് മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങളുടെ പ്രസക്തി വ്യക്തമാണ്.
ആദ്യം കേസരി വാരികയിലൂടെ പരമ്പരയായി പ്രസിദ്ധീകരിച്ച ഈ തുടര്‍ലേഖന സമാഹാരം പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത് കുരുക്ഷേത്ര പ്രകാശനാണ്
