മോദിക്കാണ്, പിണറായിക്കല്ല വിഴിഞ്ഞത്ത് റോള്‍; കേരളത്തിനു കാവല്‍നിന്നു പണം പറ്റാം!

ആഗോള ഷിപ്പിങ് കേന്ദ്രമാണ് വിഴിഞ്ഞം. കുറേ മികവുകളുണ്ട്. ഭാരതത്തിന്റെ പ്രഥമ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ്. മദര്‍ വെസ്സലുകള്‍ എന്നു വിളിക്കപ്പെടുന്ന വന്‍കിട കപ്പലുകള്‍ക്ക് ഇവിടെയടുക്കാന്‍ കഴിയും. ഇവയില്‍നിന്നു മറ്റു കപ്പലുകളിലേക്കു കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കഴിയും. അങ്ങനെ ചെറു കപ്പലുകളിലേക്കു ചരക്കു മാറ്റുകയും അവയ്ക്കു ചുറ്റുപാടുമുള്ള ചെറു പോർട്ടുകളില്‍ ചരക്കെത്തിക്കാന്‍ സാധിക്കുകയും ചെയ്യും. ഈ വഴി വലിയ സാമ്പത്തിക ലാഭം ആഗോള നാവിക സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകും. സാധ്യതകളേറും.

ശ്രീ.എ.കെ.അനുരാജ് (മാഗ്‌കോം ഡയറക്ടർ, JNU അക്കാദമിക് കൗൺസിൽ അംഗം )

ഞങ്ങള്‍ ആറായിരം കോടി ചെലവിട്ടുണ്ടാക്കിയ വിഴിഞ്ഞം പോര്‍ട്ടില്‍ കേവലം എണ്ണൂറു കോടി കൊടുത്ത മോദിക്കെന്തു കാര്യം; ഞാനാണു കപ്പിത്താനെന്ന ഭാവത്തിലാണ്, അങ്ങനെ വിളിക്കുന്നതു ശരിയല്ലെങ്കിലും വിളിക്കാതെ തരമില്ലാതായിപ്പോകുന്ന അന്തംകമ്മികള്‍! അറിയാഞ്ഞിട്ടാവാനേ തരമുള്ളൂ, പാര്‍ട്ടി ക്ലാസുകളിലൂടെ കണ്ണുകെട്ടി അയയ്ക്കപ്പെടുന്നവരാണല്ലോ!! ലോകത്തു നടക്കുന്നതൊന്നും കാണാന്‍ പഠിപ്പിച്ചിട്ടില്ലല്ലോ; നോക്കാറുമില്ല. അറിവില്ലായ്മയ്ക്ക് അഹങ്കാരം കൂട്ട്. ആളെക്കൂട്ടി പരിഹാസം മുഖ്യം!
അന്താരാഷ്ട്ര തുറമുഖമൊക്കെ കെട്ടിപ്പടുക്കുന്നത് അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ആപ്പീസിലെ തട്ടിന്‍പുറ ചര്‍ച്ചകള്‍ക്കനുസരിച്ചാണെന്നു തെറ്റിദ്ധരിക്കരുത്. ഇതൊക്കെ കരാറും കടലാസുമൊക്കെ വച്ചുള്ള ഏര്‍പ്പാടാണ്. വിഴിഞ്ഞത്തെ കരാറിലാകട്ടെ മുദ്രവച്ചതു നമ്മളല്ല. അതൊക്കെ ഉണ്ടാക്കിവച്ച് യുഡിഎഫ് നേരത്തേ സ്ഥലം വിട്ടിരുന്നു. വല്ല പരാതിയുമുണ്ടെങ്കില്‍ അങ്ങോട്ടു ചോദിക്കണം.
കേരളം മാത്രം പണം ചെലവിട്ടു, കേന്ദ്രം ചില്വാനം തന്നു ഗീര്‍വാണമടിക്കുന്നു എന്നല്ലേ? കോടി എണ്ണൂറിനപ്പുറം ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലോണായി പലിശരഹിതമായി അന്‍പതു വര്‍ഷംകൊണ്ടു മാത്രം തിരിച്ചടയ്‌ക്കേണ്ടുന്ന 795 കോടി രൂപ കേന്ദ്രം തന്നത് ‘ലോക്കല്‍’ കണക്കില്‍ പതിഞ്ഞിട്ടില്ല, അല്ലേ?
ചെലവു മാത്രം പറഞ്ഞാല്‍പ്പോരല്ലോ. ജിഎസ്ടി വകയില്‍ കഴിഞ്ഞ വര്‍ഷം വരെ വിഴിഞ്ഞത്തുനിനിന്നു കേരളത്തിനു ലഭിച്ച 397 കോടി വരവിന്റെ കാര്യമെന്താ വെളിയില്‍ പറയാത്തത്?
2035 മുതല്‍ ചരക്കുനീക്ക വരുമാനത്തിന്റെ ഒരു ശതമാനം സംസ്ഥാന സര്‍ക്കാരിനു കിട്ടുമെന്നും 2060 ആകുമ്പോഴേക്കും ഇത് 40 ശതമാനമായി ഉയരുമെന്നും എന്തേ പറയുന്നില്ല?
ഇടതുപക്ഷ മെഗാഫോണുകളുടെ അബദ്ധ വായ്ത്താരിയിലെ കൗതുകം തീര്‍ന്നിട്ടില്ല. കേന്ദ്രം കൊടുത്തതായി സമ്മതിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിങ് തുകയായ എണ്ണൂറു കോടി രൂപ എപ്പോഴാണു തിരിച്ചടയ്‌ക്കേണ്ടത്? 2034 മുതല്‍. എപ്പോഴാണോ തിരിച്ചടയ്ക്കുന്നത് അപ്പോഴത്തെ ധനമൂല്യം അനുസരിച്ചു തിരിച്ചടയ്ക്കാമെന്നു കരാറൊപ്പിട്ടിട്ട് അമ്പമ്പോ കൂടുതല്‍ത്തുക ചോദിക്കുന്നേ എന്നു വിലപിക്കുന്നതിലെന്തര്‍ഥം!
മറ്റു തുറമുഖങ്ങള്‍ പലതും വികസിപ്പിക്കാന്‍ പണം നല്‍കിയതുപോലെ കേന്ദ്രം തന്നെ ഇവിടെയും തരണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു എന്നതു നേരാണ്. അങ്ങനെയെങ്കില്‍, പറ്റില്ലെന്നു കേന്ദ്രം പറഞ്ഞതും നേരാണ്. സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന തുറമുഖത്തിനു പ്ലാന്‍ ഫണ്ടില്‍നിന്നു വകയിരുത്താന്‍ വകുപ്പില്ല. പിന്നെയെന്തുവഴി എന്ന ചോദ്യത്തിനാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് വഴി പണം അനുവദിച്ചത്. അന്നു തലകുലുക്കി. കാരണം, അതില്ലായിരുന്നുവെങ്കില്‍ കളസം കീറിയ നിലയിലായ കേരള സര്‍ക്കാര്‍ ഇപ്പോഴും വിഴിഞ്ഞം, വിഴിഞ്ഞം, കേന്ദ്രം, കേന്ദ്രം എന്നൊക്കെ ജപിച്ചുകൊണ്ടിരിക്കുകയേ ഉണ്ടായിരുന്നുള്ളൂ. ആ കൈനീട്ടം കിട്ടിയതുകൊണ്ട് ഇപ്പോള്‍ പദ്ധതിയായി.
ഒന്നും തരാത്ത മോദിയെ അങ്ങു തള്ളിക്കളഞ്ഞുകൂടെ? ചങ്കെല്ലാം കൂട്ടിവച്ച് ചങ്കങ്ങ് ഉദ്ഘാടനം ചെയ്താല്‍ പോരായിരുന്നോ? ഒറ്റയ്ക്കങ്ങു നോക്കിക്കൂടായിരുന്നോ?
അതു പറ്റില്ല. കാരണം, ഇനി പദ്ധതി മുന്നോട്ടു പോകണമെങ്കില്‍ മോദി വേണം. രാജ്യാന്തര നാവികഭൂപടത്തില്‍ വിഴിഞ്ഞത്തിന് ഇടം കിട്ടണം, നിയമ പരിഷ്‌കരണങ്ങള്‍ വേണം- അതിനൊക്കെ മോദി ശരണം. നിലവില്‍ വലിയ തോതിലുള്ള ഇറക്കുമതിക്കും ചരക്കുനീക്കത്തിനുമൊക്കെ ഇന്ത്യയും അയല്‍രാജ്യങ്ങളും ആശ്രയിക്കുന്നത് യുഎഇയിലെയോ കൊളംബോയിലെയോ സിംഗപ്പൂരിലെയോ തുറമുഖങ്ങളെയാണ്. അതിനി വിഴിഞ്ഞത്താവാം. എന്നാല്‍, അതിനും മോദി വേണം.


ആഗോള ഷിപ്പിങ് കേന്ദ്രമാണ് വിഴിഞ്ഞം. കുറേ മികവുകളുണ്ട്. ഭാരതത്തിന്റെ പ്രഥമ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ്. മദര്‍ വെസ്സലുകള്‍ എന്നു വിളിക്കപ്പെടുന്ന വന്‍കിട കപ്പലുകള്‍ക്ക് ഇവിടെയടുക്കാന്‍ കഴിയും. ഇവയില്‍നിന്നു മറ്റു കപ്പലുകളിലേക്കു കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കഴിയും. അങ്ങനെ ചെറു കപ്പലുകളിലേക്കു ചരക്കു മാറ്റുകയും അവയ്ക്കു ചുറ്റുപാടുമുള്ള ചെറു പോർട്ടുകളില്‍ ചരക്കെത്തിക്കാന്‍ സാധിക്കുകയും ചെയ്യും. ഈ വഴി വലിയ സാമ്പത്തിക ലാഭം ആഗോള നാവിക സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകും. സാധ്യതകളേറും.
വിഴിഞ്ഞത്തിന്റെ നേട്ടങ്ങള്‍ തീര്‍ന്നില്ല. മാധ്യമങ്ങളില്‍ അടുത്തിടെ ആവര്‍ത്തിച്ചു വന്നിട്ടുണ്ടെങ്കിലും ചിലതു കുറിക്കാം. അന്താരാഷ്ട്ര ഷിപ്പിങ് റൂട്ടിനോടു ചേര്‍ന്നാണു വിഴിഞ്ഞം. അതേറെ മെച്ചമാണ്. റെയില്‍, വ്യോമ, റോഡ് കണക്റ്റിവിറ്റി താരതമ്യേന മെച്ചപ്പെട്ടതാണ്.
പുതിയ പോര്‍ട്ട് തിരുവനന്തപുരത്ത് അടിസ്ഥാനസൗകര്യ വികസനത്തില്‍ കുതിപ്പുണ്ടാക്കും. തിരുവനന്തപുരം നഗരം വൈകാതെ വിഴിഞ്ഞത്തേക്കു നീങ്ങുമെന്നാണു കഴിഞ്ഞ ദിവസം ഒരു പൊതുപ്രവര്‍ത്തകന്‍ സ്വകാര്യ സംഭാഷണത്തിനിടെ നിരീക്ഷിച്ചത്. ഐടി നഗരമായി തിരുവനന്തപുരം ഒരു വശത്തു വികസിക്കുന്നുണ്ട്. നാവിക നഗരവുമായി വികസിക്കുന്നതോടെ ഒരുപക്ഷേ കൊച്ചിക്കു ബദലായോ, അഥവാ കൊച്ചി പോലെയോ തലസ്ഥാന നഗരി വികസിക്കും. ദേശസുരക്ഷാ, പ്രതിരോധ രംഗങ്ങളിലെ തന്ത്രപ്രധാന കേന്ദ്രമായിക്കൂടി വിഴിഞ്ഞം മാറിയേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
വികസനത്തിനു മുന്നില്‍ ചുവപ്പു കണ്ണട വയ്ക്കരുത്. കാരണം, അങ്ങനെ ചെയ്താല്‍ എല്ലാം ചുവന്നു കാണും. പതുക്കെ ഇരുട്ടു നിറയും. അങ്ങ് മധുരമനോജ്ഞ ചൈനയിലൊക്കെ കണ്ടില്ലേ? അതുപോലെ ഒന്നു മാറ്റിപ്പിടിച്ച് വെളുപ്പു കാണുന്ന കണ്ണട വയ്ക്കണം.
ദീര്‍ഘകാല പദ്ധതികള്‍ ചിന്തിക്കുമ്പോള്‍ ലാഭം മാത്രം ചിന്തിക്കുന്നത് ഒരുതരം കുരുടന്‍കണ്ണാണ്. നഷ്ടക്കണക്കും ചിന്തിക്കണം. പോരാ, അതിനപ്പുറവും കാണണം. രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാഷ്ട്രത്തിനു പ്രതിവര്‍ഷമുള്ള നഷ്ടം 220 മില്യണ്‍ ഡോളറോളം (1860 കോടി രൂപയോളം) വരുമെന്നാണ് കണക്ക്. കച്ചവടക്കാരന്റെ പക്ഷത്തുനിന്നു പ്രായോഗികമായി പറഞ്ഞാല്‍ ഒരു കണ്ടെയ്‌നറിന് നൂറു ഡോളറോളം (8500 രൂപയോളം) നഷ്ടം വരും. ഈ സ്ഥിതിക്കാണു മാറ്റം വന്നിരിക്കുന്നത്. ഒപ്പം കര വഴിയോ ആകാശം വഴിയോ ഉള്ള തുടര്‍ ചരക്കുനീക്കത്തിലുള്ള ലാഭവും. പണലാഭത്തിനൊപ്പം സമയ ലാഭം വേറെ.
പ്രകൃത്യാ കടലിനു വിഴിഞ്ഞത്ത് ആഴമുണ്ടെന്നതു തുറമുഖ പരിപാലനത്തിനും പരിസ്ഥിതിസംരക്ഷണത്തിനും കുറച്ചല്ല സഹായകമാകുന്നത്. മറ്റു തുറമുഖങ്ങളില്‍ ആഴം നിലനിര്‍ത്താന്‍ പലപ്പോഴായി ഡ്രെഡ്ജിങ് വേണ്ടിവരും. വലിയ തോതില്‍ ചെളി കലര്‍ന്ന മണല്‍ നീക്കിക്കൊണ്ടേയിരിക്കണം. എന്നാല്‍ വിഴിഞ്ഞത്ത് അതു വേണ്ട.


‘ഇടതു’നെഞ്ചില്‍ പിടയുന്ന വേദന അദാനിയെക്കുറിച്ചായിരിക്കും. കേവലം 2500 കോടി രൂപ മുടക്കി പഹയന്‍ എല്ലാം അടിച്ചോണ്ടു പോകുകയല്ലേ? കരയാന്‍ വരട്ടെ. വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടമേ ആയിട്ടുള്ളൂ. പണിയെല്ലാം തീരാന്‍ 18000 കോടി രൂപ വേണം. അടുത്ത ഘട്ടം നിര്‍മാണത്തിനു വേണ്ടത് 9,000 കോടി രൂപയാണ്. അതു മുഴുവന്‍ അദാനി മുടക്കണം. അതുകൊണ്ട് അകതാരിലെ കുത്തകവിരോധം അങ്ങേരോടു കാട്ടരുത്. പിപിപി മോഡലിലാണു നിര്‍മാണം. നിശ്ചിതകാലം കഴിഞ്ഞാല്‍ അദാനി പോര്‍ട്ട് വിട്ടുപോകണം. തുടര്‍ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുകയും വായ്പകളെല്ലാം തിരിച്ചടയ്ക്കുകയും അധികബാധ്യത വരുത്തിവയ്ക്കാതിരിക്കുകയും ചെയ്താല്‍ 2060ല്‍ തുറമുഖം കേരളത്തിന്റെ കയ്യിലിരിക്കും.
എത്രകാലമാണ് ശമ്പളം കൊടുക്കാന്‍ പെന്‍ഷന്‍ ഫണ്ടില്‍ കയ്യിടുകയും കെഎസ്ആര്‍ടിസി നടത്താന്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറക്കുകയും ചെയ്യുക? ഇതവസാനിപ്പിക്കാന്‍ വിഴിഞ്ഞമെങ്കിലും സഹായിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *