രാമായണത്തിലെ കൈകേയി നീചകഥാപാത്രമാണോ ?

രാമായണേതിഹാസത്തിൽ ഉടനീളം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമല്ലെങ്കിലും, കഥാഗതിയെ പൊടുന്നനെ വഴിതിരിച്ചുവിട്ട നീചകഥാപാത്രമായിട്ടാണ് കൈകേയി പരക്കെ   അറിയപ്പെടുന്നത്. ലോക ദൃഷ്ടിയിൽ ഇന്നും കൈകേയി രാമായണത്തിലെ ദുഷ്ടകഥാപാത്രമാണ്.

അയോദ്ധ്യയിൽ നിന്ന് ഏഴുദിവസത്തെ വഴിദൂരമുണ്ടായിരുന്ന കേ കയരാജ്യത്തിന്റെ അധിപതിയായ അശ്വപതിയുടെ പുത്രിയും വില്ലാളിവീരനായ യുധാജിത്തിന്റെ സഹോദരിയും അയോദ്ധ്യാധിപതിയായ ദശരഥന്റെ മൂന്നു പത്നിമാരിലൊരുവളും ഭരതമാതാവുമായ കൈകേയി, ആകാരസൗഷ്‌ഠവം കൊണ്ടും വാക്‌ചാതുര്യംകൊണ്ടും ബുദ്ധിശക്തികൊണ്ടും ആരിലും മതിപ്പുളവാക്കാൻ പോന്ന കരുത്തുറ്റ വ്യക്തിത്വത്തിനുടമയായിരുന്നു. വിദർഭരാജപുത്രിയെ വൈദേഹിയെന്നും പാഞ്ചാലരാജപുത്രിയെ പാഞ്ചാലിയെന്നും മിഥിലാരാജപുത്രിയെ മൈഥിലിയെന്നും മറ്റും രാജ്യനാമവുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്ന പതിവ് പ്രാചീനകാലത്തുണ്ടായിരുന്നു. ഈ പതിവനുസരിച്ചാണത്രേ കേകയരാജപുത്രിക്ക് കൈകേയി എന്ന നാമം സിദ്ധിച്ചത്. കൈകേകി എന്നും ചിലർ പറയാറുണ്ട്.

രാജപത്നിമാരായ കൗസല്യയേക്കാളും സുമിത്രയേക്കാളും ദശരഥന് പ്രിയപ്പെട്ടവൾ കൈകേയിയായിരുന്നു. പട്ടമഹിഷിയായ കൗസല്യയേക്കാൾ, ദശരഥ രാജാവിന്റെ മനസ്സിലും കൊട്ടാരത്തിനുള്ളിലും കൊട്ടാരത്തിന് പുറത്തും അധികാരകേന്ദ്രമെന്ന നിലയിൽ സ്വാധീനശക്തിയായി വർത്തിക്കുവാൻ സാധിച്ചതും കൈകേയിക്കായിരുന്നു. രാജപത്നിമാരിൽ ഏറ്റവും സുന്ദരിയും ചെറുപ്പക്കാരിയുമായിരുന്ന കൈകേയിയുടെ സാന്നിധ്യവും സാമീപ്യവും അനിർവചനീയമായ അനുഭൂതിയായി, സുഖദമായ ലഹരിയായി ദശരഥന് അനുഭവവേദ്യമായിത്തീർന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒട്ടേറെ കഥാസന്ദർഭങ്ങൾ രാമായണത്തിലുണ്ട്. കാമകലയിൽ അതിവിദഗ്ദ്ധയായ കൈകേയിയുടെ ശാഠ്യങ്ങൾക്ക് എന്നും വഴങ്ങിക്കൊടുത്തിരുന്നു ദശരഥമഹാരാജാവ്.
ദേവാസുരയുദ്ധവേളയിൽ പോലും കൈകേയിയെ കൂടെക്കൊണ്ടുപോകുവാൻ ദശരഥൻ തയ്യാറായത് ഇതിന് നേർതെളിവാണ്. യുദ്ധസന്ദർഭത്തിൽ നേരിട്ട് സന്നിഹിതയാവുന്ന കൈകേയിയുടെ ധീരതയും നാം കാണാതിരുന്നു കൂടാ. ആപത്തിന്റെ ചിറകടിയൊച്ചകളാൽ മുഖരിതമായ യുദ്ധഭൂമിയിൽ തനിക്കൊപ്പം അനുഗമിക്കാൻ സർവഥാ യോഗ്യ, പത്നിമാരുടെ നിരയിൽ കൈകേയി മാത്രമാണെന്ന് ദശരഥന്റെ മനസ്സ് മന്ത്രിച്ചു കാണണം. ഇരുവരും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ ആഴം വ്യക്തമാവുന്നുണ്ടിവിടെ.

ദേവാസുരയുദ്ധത്തിൽ ദേവപക്ഷത്തെ സഹായിക്കുവാനായി എത്തിയ ദശരഥ മഹാരാജാവ്, ഒരേസമയം പത്തുദിക്കുകളിലേക്ക് അഭിമുഖമായി നിന്നുകൊണ്ട് അസുരന്മാരോട് അടരാടിയതും ഇങ്ങനെ സർവാഭിമുഖമായി തേരുപയോഗപ്പെടുത്തിയതിന്റെ ഉലച്ചിൽ നിമിത്തം തേർച്ചക്രത്തിന്റെ നടുവിലെ കീലമിളകി രഥം തകർന്നു വീഴുമെന്ന ആപദ്ഘട്ടമെത്തിയപ്പോൾ രാജാവിനെ അതുകാട്ടി പരിഭ്രമിപ്പിക്കാതെ ,സ്വന്തം ചൂണ്ടാണിവിരൽ ശ്രദ്ധയോടെ കീലഭാഗത്ത് ചേർത്തുനിർത്തി യുദ്ധം പര്യവസാനിക്കും വരെ തേരിന്റെ കോട്ടം തീർത്തതും കൈകേയിയായിരുന്നു. കൈവിരൽ ചതഞ്ഞ് രക്തമൊഴുകുമ്പോഴും വേദന കടിച്ചമർത്തിക്കൊണ്ട് ഭർത്താവിനെ ഇക്കാര്യം അറിയിക്കാതെ യുദ്ധം പര്യവസാനിക്കും വരെ തളരാതെ നിലകൊണ്ടുവെന്നുമാത്രമല്ല, വിപദിധൈര്യത്തോടെ ഉറച്ചുനിന്ന് അതുവഴി ധർമപക്ഷത്തിന് വിജയം സിദ്ധിക്കുവാൻ പരിശ്രമിച്ച ധീരവനിത കൂടിയാണവർ. സ്വജീവൻ തൃണവത്ഗണിച്ചും ഭർത്താവിന്റെ ജീവൻ രക്ഷിക്കുവാനും രാജ്യസുരക്ഷ ഉറപ്പുവരുത്താനും ധർമവിജയത്തിന് നിർണായക പങ്കുവഹിക്കുവാനും കൈകേയിക്ക് ഇതുവഴിസാധിച്ചു. യുദ്ധവേളയിൽ മൂർച്ഛിച്ചു വീണ ദശരഥനെ പോർക്കളത്തിൽ നിന്ന് ദൂരേക്ക് കൊണ്ടു പോയതും ശുശ്രൂഷിച്ച് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിച്ചതും കൈകേയിയായിരുന്നു.
വിപദിധൈര്യം, പ്രത്യുല്‌പന്നമതിത്വം, വിവേകം, കർമധീരത, പതിഭക്തി തുടങ്ങിയ സദ്ഗുണങ്ങളുടെ വിളനിലമായിരുന്നു കൈകേയി എന്നു വ്യക്തമാകുന്ന കഥാസന്ദർഭമാണ് ദേവാസുരയുദ്ധവേളയിലെ അവരുടെ സാന്നിദ്ധ്യവും ബുദ്ധിപരമായ ഇടപെടലുകളും. സ്ത്രീകൾ അബലകളാണെന്നും അവിവേകികളാണെന്നും ഭീരുക്കളാണെന്നും ബുദ്ധികെട്ടവരാണെന്നും വീടാകുന്ന കൂട്ടിലടക്കപ്പെട്ട നിസ്സഹായ ജന്മങ്ങളാണെന്നുമുള്ള പൊതുധാരണ തകിടം മറിച്ച കൈകേയി, ഭാരതീയവനിതാ സങ്കൽപത്തിന്റെ ഉദാത്തഭാവത്തിലേക്കുയർന്ന ഈ സത്‌മുഹൂർത്തത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയെങ്കിലും നാം വിലയിരുത്തണം.

മായായുദ്ധപടുവായ ശംബരാസുരനെ വധിച്ച് വിജയശ്രീലാളിതനായ ദശരഥൻ കൈകേയിയുടെ ആത്മധൈര്യം നിറഞ്ഞ പ്രവൃത്തിയറിഞ്ഞ് സന്തുഷ്ട‌ചിത്തനായി അഭിനന്ദനപൂർവ്വം രണ്ടു വരങ്ങൾ ചോദിച്ചുകൊള്ളാൻ ആവശ്യപ്പെട്ടതും ഇഷ്ടമുള്ളതെന്തും താൻ സാധിച്ചുകൊടുക്കാമെന്ന് ആലോചന തെല്ലുമില്ലാതെ വാഗ്ദാനം നൽകിയതും തനിക്കിപ്പോൾ വരങ്ങളൊന്നുമാവശ്യമില്ലെന്നും പിന്നീട് ഉചിത സന്ദർഭത്തിൽ രണ്ടുവരങ്ങൾ ആ വശ്യപ്പെട്ടുകൊള്ളാമെന്ന് കൈകേയി മറുപടി നൽകിയതും ഏറെ വിഖ്യാതമാണല്ലോ. വരം പിന്നീടാവശ്യപ്പെട്ടുകൊള്ളാമെന്ന് കൈേകയി പറഞ്ഞതിന് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് ന്യായമായി സംശയിക്കാനാവും. ആ സംശയം അസ്ഥാനത്തല്ലെന്ന് വിച്ഛിന്നാഭിഷേക സന്ദർഭത്തിലുണ്ടായ സംഭവവികാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഉന്നതമായ മാതൃഭാവത്തിൽ നിന്ന് കൈകേയി അധഃപതിച്ചത് ദാസിയായ മന്ഥരയുടെ ഏഷണിയുടെ വിഷദംശനമേറ്റതിനാലാണ്.എന്തും തന്നോടാലോചിച്ച ശേഷമേ ഭർത്താവ് നാളിതുവരെ പ്രവർത്തിച്ചിരുന്നുള്ളൂ. വളരെ പ്രധാനപ്പെട്ട രാമൻ്റെ രാജ്യാഭിഷേക നിശ്ചയം മാത്രം തന്നിൽനിന്ന് രാജാവ് മറച്ചുവെച്ചതെന്തുകൊണ്ടാണെന്ന ചോദ്യം അവളുടെ അന്തരംഗത്തിൽ അഗ്നിജ്വാലപോലെ പടർന്നുകത്തിയിരിക്കണം. പണ്ട് തരാമെന്നേറ്റ വരം ഉടനടി ദശരഥനോടാവശ്യപ്പെടണമെന്ന മന്ഥരയുടെ നിരന്തരമായ സമ്മർദ്ദം ശിരസ്സാ വഹിക്കുവാൻ കൈകേയിയുടെ മനസ്സ് ക്രമേണ പാകപ്പെടുകയായിരുന്നു. രാമൻ യുവരാജാവാകുന്ന പക്ഷം, കൗസല്യാമാതാവിൻ്റെ ദാസിയായി ഭാവിയിൽ കൈകേയിക്ക് കഴിയേണ്ടി വരുമെന്നും ഭരതൻ രാമൻ്റെ അടിമയായി ആജീവനാന്തം ജീവിക്കേണ്ടി വരുമെന്നുമുള്ള മന്ഥരയുടെ കുറിക്ക് കൊള്ളുന്ന വാക്കുകളും കൈകേയിയുടെ ഉള്ളിൽ വിപരീതമാറ്റങ്ങൾ സൃഷ്ടിച്ചിരിക്കണം.
സ്വപുത്രനായ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുന്നമെന്നും ശ്രീരാമചന്ദ്രനെ പതിനാലു വർഷക്കാലം വനവാസത്തിനയക്കണമെന്നും ദശരഥനോട് ആവശ്യപ്പെടാൻ മാത്രം കഠിനഹൃദയയായി പരിണമിക്കുകയാണ് ഇതോടെ കൈകേയി. ഒരിക്കൽ ഭർത്താവിന്റെ ജീവൻ രക്ഷിച്ച അതേ കൈകേയി തന്നെയാണ് മന്ഥരയുടെ നിരന്തരമായ സമ്മർദ്ദങ്ങളിലൂടെ ഭർത്താവിന്റെ ഹൃദയത്തെ ശകലീകരിച്ച് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടുന്നത്. ലോകം മുഴുവൻ എതിരുനിന്നിട്ടും മുന്നോട്ടുവെച്ച കാൽ പിന്നാക്കം വെക്കുവാൻ അവൾ തയ്യാറായില്ല എന്ന വസ്തുതയും നാം കാണാതിരുന്നുകൂടാ.ഇതോടെ ദശരഥന് കൈകേയിയോടുള്ള സ്നേഹബന്ധം പൂർണമായും അറ്റുപോവുകയാണ്. ഭർത്താവിൻ്റെ അഭ്യർത്ഥനയും അനുനയവും വിലാപവും മുഖസ്തുതിയും കൈകേയിയിലൊരു ചലനവും സൃഷ്ടിക്കുന്നില്ല. മനുഷ്യരൂപമെടുത്ത രാക്ഷസിയെന്നു ദശരഥൻ കൈകേയിയെ ഈ ഘട്ടത്തിൽ നിന്ദിക്കുന്നുമുണ്ട്. താനൊരു ഘോരസർപ്പത്തെയാണല്ലോ ഇക്കണ്ട കാലം മാറോട് അണച്ചത് എന്ന് സ്വയം നിന്ദിക്കുന്നുണ്ട് ദശരഥൻ. രാമനെ വനവാസത്തിനയക്കുന്ന കൃത്യം ഭരതനും അഭിമതമാണെങ്കിൽ ഭരതൻ തൻ്റെ മരണാനന്തരം പിതൃകർമ്മങ്ങൾ ഒന്നും ചെയ്യാൻ പാടില്ല എന്നു വരെ ദശരഥൻ പറയുന്നുണ്ട്. ദശരഥൻ്റെ ക്രോധതാപങ്ങൾ ഒന്നും തന്നെ കൈകേയിയെ ബാധിക്കുന്നതേയില്ല. സുമന്ത്രരും എന്തിന് കുലഗുരുവായ വസി ഷ്‌ഠമഹർഷി പോലും ‘ദുഷ്‌ടേ, നിശാചരി, ദുർവൃത്തമാനസേ, എന്നൊക്കെ വിളിച്ച് കൈകേയിയെ കണക്കറ്റ് വിമർശിക്കുന്നുണ്ട്. രാജ്യമാകെ തനിക്ക് വിപരീതമാകുമെന്നറിഞ്ഞിട്ടും കൈകേയി തൻ്റെ നിശ്ചയത്തിൽ നിന്ന് തെല്ലും വ്യതിചലിക്കുന്നില്ല. ഭർത്താവിൻ്റെ ചൊല്പപടിക്കു നിൽക്കുന്ന സാമ്പ്രദായിക ഭാര്യാസങ്കൽപത്തിൻ്റെ എതിർധ്രുവത്തിലാണ് കൈകേയി നിലയുറപ്പിച്ചത്.

കേകയത്തിൽ നിന്ന് തനിക്കൊപ്പം വന്ന പരിചാരികയായ മന്ഥര എന്ന ധാത്രിയുടെ ദുർവാക്കുകൾ അവളെ പൂർണമായും വലയം ചെയ്തിരുന്നുവെന്ന് ഇവിടെ സ്പഷ്ടമാകുന്നു. രാമനും ഭരതനും തമ്മിൽ തനിക്ക് ഭേദമില്ലെന്നും കൗസല്യയോടുള്ളതിനേക്കാൾ രാമന് തന്നോടാണ് ഇഷ്ടമെന്നും മന്ഥരയോട് ആദ്യം പറഞ്ഞ വാക്കുകൾ പാടേ ഉപേക്ഷിച്ച് ഭരതമാതാവ് മാത്രമായി , സ്വാർത്ഥതയുടെ സ്ത്രീരൂപമായി കൈകേയിക്ക് ഭാവരൂപപരിണാമം വരുന്നത് മനശാസ്ത്രപരമായ ഉൾക്കാഴ്ച്ചയോടെയാണ് ആദികവി ചിത്രീകരിച്ചിട്ടുള്ളത്. കൈകേയിയോട് കൂടുതൽ അടുപ്പം ദശരഥൻ പുലർത്തുന്നതിൽ കൗസല്യക്ക് അതൃപ്തിയുണ്ടെന്നും രാമൻ രാജാവാകുന്ന നിമിഷം തൊട്ട് കൗസല്യ പ്രതികാരത്തിന് തുനിയുമെന്നും മന്ഥര സൂചിപ്പിച്ചത് കൈകേയിയുടെ ഉള്ളിൽ തറച്ചിരിക്കണം. ഭരതനെ കേകയത്തിലേക്ക് അയച്ച ശേഷം രാമാഭിഷേകം നടത്തുന്നത് ഗൂഢാലോചനയാണെന്ന മന്ഥരയുടെ വാക്കുകളും കൈകേയിയെ സ്വാധീനിച്ചിരിക്കണം. ക്രോധാഗാരത്തിൽ പ്രവേശിച്ച് മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വെറും നിലത്തു കിടന്ന് ദശരഥനോട് രാമൻ്റെ രാജ്യാഭിഷേകത്തിന് എതിരായ നിലപാട് പ്രഖ്യാപിക്കുന്ന കൈകേയി , എത്ര മാത്രം അന്ത:സംഘർഷം അനുഭവിച്ചിരിക്കണം . തൻ്റെ പ്രാധാന്യം ഭാവികാലത്ത് കൊട്ടാരത്തിൽ പരിമിതമാവുമെന്ന ഭീതി കൈകേയിയെ ഇതോടെ ദുഷ്ടചിത്തയാക്കിത്തീർത്തു. തന്നെ ദർശിക്കുവാൻ വന്ന രാമകുമാരനോടും തൻ്റെ ഇച്ഛ തുറന്നു പറയുന്നുണ്ട് കൈകേയി. കൈകേയിമാതാവിൻ്റെ ഇംഗിതം സാധിച്ചു കൊടുക്കുവാൻ വേണ്ടി താൻ വനവാസത്തിന് പോവുകയാണെന്ന് മറുപടി പറയുവാൻ രാമന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വരുന്നില്ല. രാമനെ എത്രയും വേഗം വനത്തിലേക്ക് അയക്കുവാൻ വെമ്പുന്ന കൈകേയിയേയും ഈ സന്ദർഭത്തിൽ കാണാനാവും. മന്ഥരയുടെ ഏഷണി കൊണ്ട് മാത്രമല്ല, കൗസല്യയോടുള്ള അനിഷ്ടവും കൈകേയിയുടെ മാനസികപരിണാമത്തെ സ്വാധീനിച്ചിരിക്കണം. ഭരതശത്രുഘ്നന്മാർ നാട്ടിലില്ലാത്ത സമയത്ത് രാജ്യാഭിഷേകം ദശരഥരാജൻ നിശ്ചയിച്ചതിൻ്റെ പിന്നിലുള്ള ലക്ഷ്യത്തെ ക്കുറിച്ച് കൈകേയിയുടെ ഉള്ളിൽ ആഴത്തിലുള്ള സംശയവും ജനിച്ചിരിക്കണം. ആ സംശയം ന്യായവുമാണല്ലോ. രാജ്യവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ഭരണാധികാരി സുതാര്യത കാട്ടേണ്ടതുണ്ട്. ദശരഥന് ഇക്കാര്യത്തിൽ പിഴവുണ്ടായി. ഈ പിഴവിൻ്റെ ചുവടുപിടിച്ചാണ് മന്ഥര , വിഷം നിറഞ്ഞ വാക്കുകൾ ചൊരിഞ്ഞ് കൈകേയിയെ അടിമുടി മാറ്റിയെടുത്തത്. രാമലക്ഷ്മണന്മാരും സീതയും കാനനം പൂകിയതോടെ മനസ്താപത്തിൻ്റെ ചുഴിയിലകപ്പെട്ട ദശരഥൻ മരണത്തിന് കീഴടങ്ങുന്നതും കൈകേയി കാണേണ്ടി വരുന്നുണ്ട്. വിധവയായി മാറുകയാണ് ഇതോടെ കൈകേയി.

കേകയത്തിൽ നിന്ന് മടങ്ങിയെത്തിയ ഭരതനും സ്വമാതാവിനെ നിശിതമായി കുറ്റപ്പെടുത്തുന്നുണ്ട്. പിതാവിൻ്റെ മരണത്തിന് കാരണക്കാരിയായും കുലം നശിപ്പിക്കുവാൻ വന്നു ചേർന്ന കാളരാത്രിയായും ദുരമൂത്ത കറുത്ത മനസ്സിനുടമയായും നരകവാസമുറപ്പിച്ചവളായും കൈകേയിയെ ഭരതൻ ആക്ഷേപിക്കുന്ന സന്ദർഭം രാമായണത്തിലെ സംഘർഷ നിർഭരവും വികാരഭരിതമായ ഏടുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. നിന്റെ വയറ്റിൽ പിറക്കേണ്ടിവന്ന മഹാപാപിയാണ് ഞാൻ’ എന്നുവരെ വിങ്ങിക്കരഞ്ഞുകൊണ്ട് പൊട്ടിത്തെറിക്കുന്നുണ്ട് അമ്മയോട് ഭരതകുമാരൻ. രാജകൊട്ടാരത്തിലുള്ള സകലരും, രാജ്യനിവാസികളൊന്നടങ്കവും ശാപവചസ്സുകൾ ചൊരിഞ്ഞ് കൈകേയിയെ അതിനിശിതമായി നിന്ദിക്കുന്നുണ്ട്.
അധികതുംഗപദത്തിൽ രാജ്ഞിയായി ശോഭിച്ചിരുന്ന കൈകേയി പൊടുന്നനെ ഞെട്ടറ്റു വാടി വീണ പൂവിന്റെ ദയനീയാവസ്ഥയിലേക്ക് മാറിത്തീരുന്നതാണ് തുടർന്ന് നാം കാണുന്നത്. പ്രഭാവൈശ്വര്യങ്ങൾ ക്ഷയിച്ച് ഒറ്റപ്പെട്ടു പോവുകയാണ് ഇതോടെ കൈകേയി.

പ്രശംസകളും നല്ലവാക്കുകളും മാത്രം കേട്ടുശീലിച്ച അവരുടെ കാതുകളിലേക്ക് മകൻ്റെയും ഉറ്റവരുടെയും പ്രജകളുടെയും ശാപവചസ്സുകൾ കഠോരമായി പതിച്ചത് വിധിവൈപരീത്യമെന്നേ പറയാവൂ. ആർക്കുവേണ്ടിയാണോ താൻ ഈ സാഹസപ്രവൃത്തി ചെയ്തത് അവനിൽ നിന്ന് – സ്വപുത്രനായ ഭരതനിൽ നിന്ന് വിപരീത പ്രതികരണമുണ്ടാവുമെന്ന് സ്വപ്നേപി കൈകേയി ചിന്തിച്ചിരുന്നില്ല. സിംഹത്തെപോലെ ഗർജിച്ചും പാമ്പിനെപ്പോലെ ചീറ്റിയും ഭരതൻ തന്നോട് കയർത്തു സംസാരിച്ചതോടെ കൈകേയി പൂർണമായും തളർന്നുപോകുന്നുണ്ട്. സ്വപുത്രനായ ഭരതന് രാജകിരീടം ഉറപ്പാക്കാനായി കഠിനമായി പ്രയത്നിച്ചെങ്കിലും കൈകേയിക്ക് തൻ്റെ ലക്ഷ്യം നേടാനാവുന്നില്ല. സകലരുടെയും വെറുപ്പ് സമ്പാദിക്കുവാനേ അവൾക്കായുള്ളൂ. ഇതോടെ രാമായണത്തിലെ ഒരു ദുരന്തകഥാപാത്രമായി കൈകേയി മാറിത്തീരുകയായിരുന്നു.
എന്നാൽ ഇവിടം കൊണ്ടവസാനിക്കുന്നതല്ല കൈകേയീചരിതം.

രാമനും സീതക്കും മരവുരിയും വത്‌കലവും നൽകി വനവാസത്തിനു പറഞയക്കാൻ മാത്രം കഠിനചിത്തയായിത്തീർന്ന കൈകേയി ,പിന്നീട് സൗമ്യഭാവത്തിലേക്ക് പരിണമിക്കുന്നതും വാത്മീകിമഹർഷി കാട്ടിത്തരുന്നുണ്ട്. ഭരതന്റെ ഭർത്സനങ്ങളേറ്റു തളർന്നുപോയ കൈകേയിയുടെ ഹൃദയം ക്രമേണ ധർമനിഷ്‌ഠയിലേക്ക് നീളുന്നതും അനർഹമായ സ്ഥാനലബ്‌ധിയോടുള്ള കൊതി കൊടിയ പാപമാണെന്ന ബോധം അവളിൽ അങ്കുരിക്കുന്നതും രാമായണത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. അഴിഞ്ഞുലഞ്ഞ മുടിയും കരഞ്ഞുകലങ്ങിയ കണ്ണുകളും കണ്ണീരിറ്റിറ്റുവീണ് കൺമഷിപടർന്നൊഴുകിയ മുഖവുമായി ക്രോധാലയത്തിൽ പാർത്ത പ്രതിനായികാഭാവമാർന്ന കൈകേയിയുടെ ചിത്രം ഇതോടെ മാഞ്ഞുപോവുകയാണ്. സ്വാർത്ഥതയുടെ തമസ്സകന്നും രാമതത്വം ശരിയായി ഗ്രഹിച്ചും ധർമദീപമായി അയോദ്ധ്യയിൽ വസിക്കുന്ന വൃദ്ധയായ കൈകേയിമാതാവിനെ നാം കാണാതിരുന്നുകൂടാ. പശ്ചാത്താപമാണ് യഥാർത്ഥ പ്രായശ്ചിത്തമെന്നു തിരിച്ചറിഞ്ഞ വിവേകമതിയായ ഈ പുതിയ കൈകേയിയിൽ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്.
കുടിലബുദ്ധിയായ മന്ഥരയുടെ സംസർഗമാണ് കൈകേയിയുടെ ധാർമികാധപതനത്തിന് വഴിതെളിയിച്ചത്. ദുഷ്ട‌ജനങ്ങളുമായുള്ള സഹവാസവും സമ്പർക്കവും പാടേ വർജിക്കേണ്ടതുണ്ടെന്ന ജീവിതപാഠമാണ് കൈകേയീചരിതത്തിൽ നിന്ന് നാം ഉൾക്കൊള്ളേണ്ടത്.

രാമനെ തിരികെ അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാനായി ഭരതനൊപ്പം വനത്തിലേക്ക് പുറപ്പെടുന്ന സംഘത്തിൽ കൈകേയിയുണ്ടായിരുന്നു എന്നതുതന്നെ അവർക്കുണ്ടായ മനഃപരിവർത്തനത്തിന്റെ നേർതെളിവാണ്. യോഗിനിയുടെ തലത്തിലേക്ക് ഉയരുന്ന ഈ പുതിയ കൈകേയി, വന്നുപോയ പിഴവുകൾ തിരുത്തി ആത്മതത്വത്തിലേക്ക് വളരാൻ ഇച്ഛിക്കുന്ന ജീവാത്മാവിന്റെ പ്രതീകമത്രേ.
രാവണനിഗ്രഹാനന്തരം അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്ന ശ്രീരാമനെ സ്വീകരിക്കുവാനും മുൻനിരയിൽത്തന്നെ കൈകേയിയുണ്ടായിരുന്നു. നിഷ്‌കന്മഷഭാവത്തോടെ കൈകേയിമാതാവിനെ നമസ്‌കരിക്കുന്നുണ്ട് ശ്രീരാമചന്ദ്രൻ. “അനിയന്ത്രിതമായ് ചിലപ്പൊഴീ മനമോടാത്ത കുമാർഗമില്ലെടോ ” എന്ന കവിവാക്യം അനുസന്ധാനം ചെയ്യുമ്പോൾ കൈകേയിയെ അതിരുകടന്നു നിന്ദിക്കുന്നത് ശരിയല്ലെന്ന് നമുക്ക് ബോധ്യമാകും.

ശ്രീരാമചന്ദ്രന് കൈകേയി പരമാരാധ്യയായിരുന്നുവെന്ന സത്യം നാം തിരിച്ചറിയണം. കൈകേയിയുടെ പാദങ്ങളിൽ ഭക്തിപൂർവം നമസ്കരിക്കുന്ന രാമനാവണം നമുക്ക് കൈകേയി കഥാപാത്ര വിചിന്തനവേളയിൽ മാർഗദർശിയാവേണ്ടത്. കൈകേയിക്ക് കൈവന്ന മഹാസൗഭാഗ്യവും അംഗീകാരവുമായി രാമന്റെ ഈ മഹത്വം നിറഞ്ഞ പ്രവൃത്തിയെ കാലം വിലയിരുത്തും. മനോമാലിന്യങ്ങൾ പൂർണമായും കയ്യൊഴിഞ്ഞ് തപസ്വിനീഭാവത്തോടെ ജീവിതം നയിക്കുവാൻ തീരുമാനിച്ച കൈകേയിക്ക് ഇതിൽപരമെന്ത് ധന്യത കൈവരാൻ? ധർമ്മപക്ഷത്തിന്റെ വിജയത്തിന് വഴിയൊരുക്കും വിധം രാവണനെ നിഗ്രഹിക്കുവാൻ ശ്രീരാമചന്ദ്രന് സാധിച്ചതിന് പരോക്ഷമായാണെങ്കിലും കാരണക്കാരിയായിത്തീർന്നത് കൈകേയിയാണല്ലോ. പിടിവാശിയും ദുരാഗ്രഹവും നിറഞ്ഞ മനസ്സിലും കാലം നല്ല ചിന്തകൾ വിതയ്ക്കുമെന്ന് കൈകേയിയുടെ ജീവിതത്തിലെ അന്ത്യഘട്ടങ്ങൾ നമ്മെ പഠിപ്പിക്കുന്നു. രാവണ നിഗ്രഹമടക്കമുള്ള രാമാ വതാര കൃത്യനിർവഹണങ്ങൾക്ക് അവശ്യമായ പാത ബോധപൂർവമായിട്ടല്ലെങ്കിലും ചെത്തിയൊരുക്കിയത് കൈകേയിയാണ്. കൈ കേയിയെ ദോഷദൃഷ്ടിയോടെ കാണരുതെന്നും, രാമന്റെ വനവാസം ലോകത്തിന് ശാന്തിയും സുഖവും സമാധാനവും പകർന്നേകുമെന്നും വികാരത്താൽ വിക്ഷിപ്തചിത്തനായ ഭരതനെ ,ഭരദ്വാജമഹർഷി ഉപദേശിക്കുന്നതിന്റ ആന്തരാർത്ഥം തിരിച്ചറിഞ്ഞാൽ കൈകേയിയുടെ ജന്മോദ്ദേശ്യത്തിന്റെ നേർ പ്പൊരുൾ വ്യക്തമാവും

One thought on “രാമായണത്തിലെ കൈകേയി നീചകഥാപാത്രമാണോ ?

Leave a Reply

Your email address will not be published. Required fields are marked *