
കിരൺ ദാസ് മുരളിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതു പിൻവലിക്കണം
വേടൻ എന്നറിയപ്പെടുന്ന കിരൺ ദാസ് മുരളിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതു പിൻവലിക്കണമെന്ന് കാലിക്കറ്റ് സർവ്വകലാശാലാ സിൻഡിക്കേറ്റംഗം എ കെ അനുരാജ് വൈസ് ചാൻസലർ പ്രഫ (ഡോ) പി രവീന്ദ്രനോട് ആവശ്യപ്പെട്ടു.
ഒന്നിലധികം കേസുകള്‍ നേരിടുന്ന വ്യക്തിയും കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താന്‍ വരുംതലമുറയ്ക്കു തെറ്റായ മാതൃകയാണെന്നു സമ്മതിച്ചിട്ടുള്ള വ്യക്തിയുമായ ഹിരണ്‍ദാസ് മുരളിയുടെ പാട്ട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു പ്രതിഷേധാര്‍ഹമാണെന്നു വിസിക്കു നൽകിയ കത്തിൽ സിൻഡിക്കേറ്റ് അംഗം വ്യക്തമാക്കി.
ലഹരിവസ്തുക്കള്‍ കൈവശംവെച്ചതിന് ഹിരൺദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശംവച്ചതിനു പിടിയിലായതും കത്തിൽ ഓർമിപ്പിച്ചു. ഗായകനായ ഇയാളുടെ പല വീഡിയോകളും ഇയാള്‍ മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഹിരണ്‍ദാസിന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാള്‍ ജീവിതത്തില്‍ പിന്‍തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കല്‍കൂടിയായിത്തീരുമെന്ന ആശങ്ക ശക്തമാണ്. കലയിലൂം പഠനത്തിലുമൊക്കെ മഹത്തായ പാത സൃഷ്ടിച്ചിട്ടുള്ള ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി ഹിരണ്‍ദാസിന്റെ പാട്ടുകളിലും നിലപാടുകളിലും പ്രകടമാണ് എന്നതും അപകടകരമായ സാഹചര്യമാണ്.
എന്നിരിക്കെ, ഇയാളുടെ രചന പഠിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തയ്യാറാകുന്നത് തെറ്റായ സന്ദേശം സമൂഹത്തിനു പകരുമെന്നുറപ്പാണ്. അത്യന്തം ഖേദകരമായ തീരുമാനം പിന്‍വലിക്കണമെന്നും ഇയാളുടെ രചനകള്‍ക്കു പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകള്‍ പാഠഭാഗമാക്കണമെന്നും കത്തിൽ അഭ്യർഥിച്ചു.
