
- സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തിനുമേല്‍ കടന്നുകയറ്റം നടത്താനുള്ള സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമത്തിനു തടയിട്ട കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. (ഡോ.) പി രവീന്ദ്രന്റെ നടപടിയെ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെംബര്‍ എ കെ അനുരാജ് സ്വാഗതം ചെയ്തു.
സര്‍വകലാശാലാ റജിസ്ട്രാറെ വിളിച്ചുവരുത്തി വിശദീകരണം തേടാനുള്ള ശ്രമത്തിലൂടെ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ചെയ്തത്. എന്നാല്‍, ഉന്നതവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ഈ നടപടി സര്‍വകലാശാലാ നിയമത്തിനു വിരുദ്ധമാണെന്നു തിരിച്ചരിഞ്ഞു തന്റെ ചുമതല മാതൃകാപരമായി നിറവേറ്റാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഹിയറിങ്ങിനു പങ്കെടുക്കുന്നതില്‍നിന്ന് റജിസ്ട്രാറെ വൈസ് ചാന്‍സലര്‍ വിലക്കിയതു ശ്ലാഘനീയമാണ്. സര്‍വകലാശാലകളെ രാഷ്ട്രീയ ചട്ടുകങ്ങളാക്കി മാറ്റാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തടയിടുന്നതില്‍ ഇതു നിര്‍ണായകമായി.
റജിസ്ട്രറെ വിളിച്ചുവരുത്താനുള്ള തീരുമാനം വൈകിവന്ന വിവേകമെന്നോണം റദ്ദാക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതമായി എന്നതു ശ്രദ്ധേയമാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെയും കോളജുകളുടെയും നടത്തിപ്പ് നിഷ്പക്ഷമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ജാഗ്രതയാണ് ഇത്തരം ഗൂഢനീക്കങ്ങളെ പ്രതിരോധക്കുന്നതില്‍ നിര്‍ണായകമായിത്തീരുന്നതെന്നും അനുരാജ് ചൂണ്ടിക്കാട്ടി.
