തിരുവനന്തപുരം:സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കായി ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പശാല വെറും രാഷ്ട്രീയമേളയായി മാറിയെന്ന് സിന്‍ഡിക്കേറ്റംഗങ്ങളായ എ കെ അനുരാജ് (കാലിക്കറ്റ് സര്‍വകലാശാല), ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍, പി എസ് ഗോപകുമാര്‍ (ഇരുവരും കേരള സര്‍വകലാശാല) എന്നിവര്‍ ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യസ മേഖലയില്‍ നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചു വിശദീകരിക്കാനെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചു ശില്‍പശാലയില്‍ പങ്കെടുപ്പിക്കുകയായിരുന്നു എന്നും ഇവര്‍ കുറ്റപ്പെടുത്തി.
രണ്ടു ദിവസത്തെ ശില്‍പശാലയില്‍ ആദ്യ ദിവസം സംസാരിച്ച വിദ്യാഭ്യാസ മന്ത്രിയും മറ്റേതാനും വ്യക്തികളും പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ വിശദീകരിക്കാനാണു സമയം ഉപയോഗപ്പെടുത്തിയത്. ഒപ്പം ഇടതുസര്‍ക്കാര്‍ രാഷ്ട്രീയതാല്‍പര്യം മാത്രം മുന്‍നിര്‍ത്തി സര്‍വകലാശാലാ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ വിദ്യാഭ്യാസ മേഖലയ്ക്കു ഗുണകരമാണെന്നു ബോധ്യപ്പെടുത്താനുള്ള ആവര്‍ത്തിച്ചുള്ള ശ്രമവുമുണ്ടായി.
രണ്ടാം ദിവസമാകട്ടെ, സര്‍വകലാശാലാ നിയമ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എന്‍ കെ ജയകുമാറിനെപ്പോലെയുള്ളവര്‍ തനിരാഷ്ട്രീയ പ്രസംഗവുമായി രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അവഹേളിക്കാനുള്ള ശ്രമവുമുണ്ടായി. കോടതിവിധിയും മറ്റും പരാമര്‍ശിച്ച് അല്‍പജ്ഞാനം വെളിപ്പെടുത്താന്‍ നോക്കിയതു ശില്‍പശാലയില്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു. എതിര്‍പ്പുയര്‍ന്നതോടെ സമാപനച്ചടങ്ങ് ഒഴിവാക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
നേരത്തേ തയ്യാറാക്കിയ പദ്ധതിയനുസരിച്ചു തയ്യാറാക്കിയ രാഷ്ട്രീയ പരിപാടിയിലേക്കു ക്ഷണിച്ച് അപമാനിച്ചതായി സിന്‍ഡിക്കേറ്റംഗങ്ങള്‍ കുറ്റപ്പെടുത്തി.
അംഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും പരിഗണിക്കാം, പരിശോധിക്കാം എന്നു തുടങ്ങിയുള്ള മറുപടികള്‍ നല്‍കിയൊഴിയുന്ന തന്ത്രമാണ് അധികൃതര്‍ പയറ്റിയതെന്നും മൂവരും ആരോപിച്ചു.
