തിരുവല്ല: “ശരയോഗ സംഗമം 2025” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ആദരമായ ആദിമുനി മാദ്ധ്യമ പുരസ്‌കാരം എം. രാജശേഖര പണിക്കർക്കും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിനും ലഭിക്കും.
പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അവതാരകനുള്ള പുരസ്‌കാരത്തിന് എ.ബി.സി മലയാളം ചീഫ് എഡിറ്റർ വടയാർ സുനിൽ അർഹനായി. മികച്ച അഭിമുഖം നടത്തി പ്രസിദ്ധമായ ബ്രെവ് ഇന്ത്യ എഡിറ്റർ വായുജിത്തിന് പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അഭിമുഖകാരനുള്ള പുരസ്‌കാരമാണ് ലഭിക്കുന്നത്.
മികച്ച ചാനൽ റിപ്പോർട്ടറായി ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വി. വിനീഷും മാതൃഭൂമി ബാംഗ്ലൂർ ബ്യൂറോ റിപ്പോർട്ടർ കെ.ബി. ശ്രീധരനും ആദരിക്കപ്പെടുന്നു. മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള പുരസ്‌കാരത്തിന് ന്യൂസ് 18 കേരളം അസോസിയേറ്റ് എഡിറ്റർ ടോം കുര്യാക്കോസ് അർഹനായി. നിയമ മേഖലയിൽ മികച്ച റിപ്പോർട്ടർ എന്ന നിലയിൽ 24 ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ശ്രീകാന്ത് എസ് തെരഞ്ഞെടുക്കപ്പെട്ടു.
സാഹിത്യ രംഗത്ത് മികച്ച യുവ സാഹിത്യകാരനായി യദു വിജയകൃഷ്ണൻ പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സമൂഹമാദ്ധ്യമ രംഗത്ത് പ്രേം ശൈലേഷിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പുരസ്‌കാരം ലഭിക്കും. പ്രചോദനാത്മക പ്രവർത്തനങ്ങൾക്ക് ഉണ്ണി മാക്സിന് ആദിമുനി പുരസ്‌കാരം ലഭിക്കുന്നു.
ആദിമുനി കർമശ്രേഷ്ഠ പുരസ്‌കാരം ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള, പ്രശാന്ത് അമൃതം, വിജയൻ ഗുരുക്കൾ, സാബൻകുട്ടി ഗുരുക്കൾ, പി. മാധവക്കുറുപ്പ് വൈദ്യർ എന്നിവർക്ക് ലഭിക്കുന്നു. ആദിമുനി ശാക്തീകരണ പുരസ്‌കാരം അഡ്വ. ഫിലിപ്പ് ജോസഫ്, ഡോ. ബെന്നിസ് രാജ്, സുരേഷ് കുമാർ, ഡോ. അഖിലേശൻ, നന്ദൻ കടലുണ്ടി, രമേശ് കല്ലുപ്പാറ, സന്തോഷ് കുമാർ (സിനിമ മേക്കപ്പ് ആർട്ടിസ്റ്റ്) എന്നിവർക്ക് ലഭിക്കും.
2025 മെയ് 4-ന് തിരുവല്ല കുമ്പനാട് മണിയാട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന “ശരയോഗ സംഗമം 2025” യിൽ ശരരാജയോഗി ഡോ. സുനിൽ ബാബു കെ.സി അവാർഡുകൾ സമർപ്പിക്കും. പരിപാടിയിൽ അഡ്വ. ഫിലിപ്പ് ജോസഫ് പുത്തൻചിറ അധ്യക്ഷനാകും. ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള അനുഗ്രഹ പ്രഭാഷണം നടത്തും. തൃദീപ് വൈദ്യർ, ഡോ. ബെന്നിസ് രാജ്, ഡോ. സുബ്രഹ്മണ്യൻ കൃഷ്ണസ്വാമി, ഡോ. പി.ടി. ജയപ്രകാശ്, ഡോ. സാഹു കിഷോർ, സദ്ഗുരു രമാദേവി അമ്മ തുടങ്ങിയവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
പ്രോഗ്രാമിന്റെ ഭാഗമായി “അടിസ്ഥാന ശരയോഗം: നാൾവഴി” എന്ന വിഷയത്തിൽ ശരരാജയോഗി ഡോ. സുനിൽ ബാബു കെ.സി ക്ലാസ് നയിക്കും. തുടർന്ന് വൈകുന്നേരം 4.30 മുതൽ ശരയോഗ ക്രിയ പരിശീലനവും നടത്തപ്പെടും.
ശരയോഗം പോലുള്ള പുരാതന രഹസ്യ വിദ്യകളെ പൊതുജനങ്ങളിലേക്കെത്തിക്കുവാനും ഗൃഹസ്ഥാശ്രമവാസികൾക്ക് ആജീവനാന്തമായ ആരോഗ്യപരമായ ദിശാനിർദ്ദേശങ്ങൾ നൽകുവാനും ലക്ഷ്യമിടുന്ന പ്രസ്ഥാനമാണ് ആദിമുനി യോഗകേന്ദ്രം, വെണ്ണിക്കുളം മേമല കേന്ദ്രമാക്കി പ്രവർത്തിക്കുന്നതാണ്.
