ആന്ദ്രേ ഇനിയെസ്റ്റ ലുയാന്‍  നാല്പതാം വയസില്‍ കളി മതിയാക്കി.

ഇനിയെസ്റ്റാ….
ഇനിയെന്ന്

ആന്ദ്രേ ഇനിയെസ്റ്റ ലുയാന്‍  നാല്പതാം വയസില്‍ കളി മതിയാക്കി.

കവിതകള്‍ പിറന്ന എത്രയോ രാവുകള്‍… അത്ഭുതങ്ങള്‍ വിരിഞ്ഞ മുഹൂര്‍ത്തങ്ങള്‍… നുരയുന്ന ലോകകപ്പ് ലഹരികള്‍ക്കിടയില്‍ കാലം കണ്ണുചിമ്മാതെ നോക്കിനിന്നുപോയ എത്രയെത്ര നിമിഷങ്ങള്‍… അത്തരത്തിലൊന്നാണ് പതിനാല് വര്‍ഷം മുമ്പ് മുപ്പതുരാവുകള്‍ നീണ്ട ബഫാന മേളയ്ക്കൊടുവില്‍ ജോഹാന്നസ്ബര്‍ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ പിറന്നത്.

കാലാബാഷ്‌കോപ്പപോലെ തീര്‍ത്തെടുത്ത കറുപ്പഴകിന്റെ മനോഹരശില്‍പ്പത്തില്‍ കൊത്തിവെയ്ക്കപ്പെട്ട ഒരു കവിതയുടെ സമ്മോഹനമായ പ്രകാശനം. ഓരോ പുതുപുലരിയിലും പുല്‍നാമ്പുകളില്‍ മുത്തുപോല്‍ തത്തിനില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ ലോകത്തോട് ആ വരികള്‍ അക്കാലം ഉറക്കെ വിളിച്ചുചൊല്ലി. ആന്ദ്രേ ഇനിയെസ്റ്റ എന്ന അപ്രവചനീയതയുടെ കലാകാരന്‍ നെഞ്ചോട് ചേര്‍ത്ത് എന്നേ കുറിച്ചുവച്ച വരികള്‍ തലേരാത്രിയുടെ അന്തിമയാമത്തില്‍ ലോകത്തിനുമുന്നില്‍ പ്രകാശനം ചെയ്യുകയായിരുന്നു. ഡാനി ജാര്‍ക്വെ, നീ എന്നും ഞങ്ങളോടൊപ്പമുണ്ട്.”

ആ ഒരൊറ്റ മുഹൂര്‍ത്തമാത്ര കൊണ്ട് ഡാനി ജാര്‍ക്വെ അനശ്വരനായി. എസ്പ്യാനോളിന്റെ പ്രതിരോധ ദുര്‍ഗത്തില്‍ കരുത്തനായ കാവലാളായി നിതാന്ത ജാഗ്രതയുടെ ആള്‍രൂപമായിരുന്ന ജാര്‍ക്വെയുടെ ഹൃദയതാളം അതിന്റെ തലേവര്‍ഷം ആഗസ്തില്‍ അപ്രതീക്ഷിതമായി നിലയ്ക്കുകയായിരുന്നു. കാല്‍പ്പന്തുകളിയുടെ എല്ലാ സംത്രാസങ്ങളെയും സദാ പേറിയിരുന്ന ഒരു ഹൃദയത്തിന്റെ ഉടമ, അലച്ചാര്‍ത്തുപോലെ ചീറിയടുക്കുന്ന ആക്രമണങ്ങളെ മെയ്യ് മതിലാക്കി തടഞ്ഞുനിര്‍ത്തിയിരുന്ന ഭയരഹിതനായ പോരാളി അനിവാര്യമായ വിധിക്ക് കീഴടങ്ങി പൊലിഞ്ഞതിന്റെ വേദനയില്‍ നിന്നാണ് ഇനിയെസ്റ്റയുടെ ഒറ്റവരി കവിത പിറന്നത്. സ്വന്തം നെഞ്ചോടൊട്ടിക്കിടന്ന എല്ലാ വസ്ത്രങ്ങളിലും അവനത് എഴുതിപ്പിടിപ്പിച്ചു. ”പ്രിയപ്പെട്ട കൂട്ടുകാരാ, നീ എന്നും എന്നോടൊപ്പമുണ്ട്.”.

ലോകം കണ്ണിമ ചിമ്മാതെ കാത്തുനിന്നപ്പോഴാണ് പ്രിയ സുഹൃത്തിനായി ഇനിയെസ്റ്റ ആ വരികള്‍ സമര്‍പ്പിച്ചത്. ലോക ചരിത്രത്തിലൊരിടത്തും ഇത്തരത്തിലൊരു പ്രകാശന കര്‍മ്മം ഉണ്ടായിരിക്കാനിടയില്ല. 2010 ലോകകപ്പ് ഫുട്ബോളിന്റെ അവസാന പോരാട്ടം. 116-ാം മിനിറ്റ്. സോക്കര്‍ സിറ്റിയിലെ പുല്‍നാമ്പുകളെ തീപിടിപ്പിച്ച് ഡച്ച് ഗോള്‍മുഖത്തേക്ക് ബോംബര്‍ ജെറ്റ് പോലെ കുതിച്ചുപാഞ്ഞ ഇനിയെസ്റ്റ ഓറഞ്ച് പടയുടെ സ്വപ്നങ്ങള്‍ക്ക് ചരമഗീതം എഴുതിച്ചേര്‍ത്ത അതേ മുഹൂര്‍ത്തത്തിലായിരുന്നു ഡാനി ജാര്‍ക്വെയ്ക്കായി കുറിച്ച ആ വരികള്‍ പ്രകാശനം ചെയ്യപ്പെട്ടത്.
ഡച്ച് ഗോളി സ്റ്റകലന്‍ ബര്‍ഗിന്റെ ചിറകുകള്‍ക്ക് മീതെ വലയിലേക്ക് പന്ത് കോരിയെറിഞ്ഞ ഇനിയെസ്റ്റ പൊടുന്നനെ ചെയ്തത് കോടിക്കണക്കിന് സ്പാനിഷ് ആരാധകര്‍ കൊതിക്കുന്ന പുറംകുപ്പായം ഊരിയെടുത്ത്, വലംകൈകൊണ്ട് നെഞ്ചില്‍ തട്ടി ഗാലറികള്‍ക്ക് നേരെ കുതിക്കുകയായിരുന്നു. ആ നെഞ്ചില്‍ നീല അക്ഷരങ്ങളില്‍ പ്രിയ സുഹൃത്തിനുള്ള തിലോദകച്ചാര്‍ത്തുപോലെ ഒരിക്കലും മരിക്കാത്ത വരികള്‍ കുറിക്കപ്പെട്ടിരുന്നു.

മിഴിയടയ്ക്കാതെ തുറന്നിരിക്കുന്ന ക്യാമറക്കണ്ണുകള്‍ ആ വരികള്‍ ഒപ്പിയെടുത്തു. രാത്രിയെ പകലാക്കി കളിയാഘോഷങ്ങളില്‍ മുഴുകിയ കോടിക്കണക്കായ ഫുട്ബോള്‍ പ്രേക്ഷകരുടെ മനസിലേക്ക് നീലനിറത്തിലുള്ള ആ അക്ഷരങ്ങളും കുടിയേറി. സ്പാനിഷ് കിരീടമോഹങ്ങള്‍ക്ക് വിജയത്തിന്റെ കിന്നരി തുന്നിപ്പിടിപ്പിച്ച ഉജ്ജ്വലമായ ആ ഗോള്‍ പ്രിയസുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് സമര്‍പ്പിച്ചാണ് ഇനിയെസ്റ്റ ഫുട്ബോള്‍ വെറും കളിയല്ലെന്ന് പ്രഖ്യാപിച്ചത്.

  1. കളമൊഴിയുകയാണ് ഇനിയെസ്റ്റ… സ്പാനിഷ് വസന്തങ്ങളില്‍ സുഗന്ധം പൊഴിച്ചവന്‍… ജീനിയസ്. ഇനിയൊരു ഇനിയെസ്റ്റ പിറക്കുമോ… കളി കലയെന്നും കവിതയെന്നും ജീവിതമെന്നും പ്രഖ്യാപിക്കുന്ന ഒരുവന്‍…

Leave a Reply

Your email address will not be published. Required fields are marked *