കാവാലം ശശികുമാറിന് രേവതി പട്ടത്താനത്തിന്റെ കൃഷ്ണഗീതി പുരസ്‌കാരം
കോഴിക്കോട്: സാമൂതിരി രാജയുടെ നേതൃത്വത്തിലുള്ള രേവതി പട്ടത്താന സമിതിയും തളി മഹാക്ഷേത്രവും സംയുക്തമായി നൽകുന്ന കൃഷ്ണഗീതി പുരസ്‌കാരത്തിന് പ്രശസ്ത കവിയും മാധ്യമപ്രവർത്തകനുമായ കാവാലം ശശികുമാർ അർഹനായി. ‘നഗരവൃക്ഷത്തിലെ കുയിൽ’ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ മാനവേദൻ രാജയുടെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
പട്ടത്താന സമിതിയുടെ മറ്റു രണ്ട് പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. സാഹിത്യത്തിനുള്ള മനോരമ തമ്പുരാട്ടി പുരസ്‌കാരം തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജിലെ ജ്യോതിഷ വിഭാഗം മേധാവി ഡോ. ഇ.എൻ. ഈശ്വരന് ലഭിച്ചു. മികച്ച കൃഷ്ണനാട്ട കലാകാരനുള്ള കുട്ടിയനുജൻ രാജ പുരസ്‌കാരത്തിന് ഗുരുവായൂരിലെ കൃഷ്ണനാട്ടം ആശാൻ കെ. സുകുമാരൻ അർഹനായി.
വെങ്കലത്തിൽ തീർത്ത കൃഷ്ണശില്പം, പ്രശസ്തിപത്രം, 15,000 രൂപ എന്നിവ അടങ്ങുന്നതാണ് മൂന്ന് പുരസ്കാരങ്ങളും. നവംബർ 4-ന് കോഴിക്കോട് തളി ഗുരുവായൂരപ്പൻ ഹാളിൽ വെച്ച് നടക്കുന്ന രേവതി പട്ടത്താന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കവി പി.പി. ശ്രീധരനുണ്ണി, ടി. ബാലകൃഷ്ണൻ, പി.സി. രഘുരാജ് എന്നിവരടങ്ങിയ സമിതിയാണ് കൃഷ്ണഗീതി പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ആലപ്പുഴ സ്വദേശിയായ കാവാലം ശശികുമാർ നിലവിൽ പട്ടാമ്പിയിലാണ് താമസിക്കുന്നത്. ‘മൂന്നാം കണ്ണിലൂടെ’ ഉൾപ്പെടെ പതിമൂന്നോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
